ആമപ്പൂട്ട്


തല
ഉള്ളിലേക്കു
പൂഴ്ത്തിയാല്‍
എന്‍റെ താക്കോലിനേ
തുറക്കാനാവൂ പിന്നെ,
ഉമ്മറവാതിലിന്‍റെ മരപ്പടിയില്‍
ആരും കാണാതെ വച്ചിട്ടുണ്ടെന്നെ,
ഒന്നെടുത്തേതെങ്കിലുമൊരു
തുറന്ന മനസ്സിനു
താഴിടാനാകുമോ നിങ്ങള്‍ക്ക്...?

മദ്യ വര്‍ഗ്ഗം

കൂട്ടുകാരോട്
കരുതി
വരാന്‍ പറഞ്ഞിട്ടുണ്ട്

കഴിഞ്ഞ അവധിക്കു പോലും
കഴിഞ്ഞില്ലെന്ന്
അമ്മയെ കാണാന്‍
വീട്ടില്‍ പോയിരിക്കുന്നു
അവള്‍
അടുക്കള
മുറ്റം
കുളിമുറി
ഇന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കും

കൂട്ടുകാരോട്
കരുതി
വരാന്‍ പറഞ്ഞിട്ടുണ്ട്
ഞാനും
കരുതിയിരിക്കുകയാണ്
തൂത്തു വെടിപ്പാക്കാന്‍
പകല്‍ വെളിച്ചം പോലെ
നാളെ അവള്‍ വരും
അതിനു മുമ്പേ....
കൂട്ടുകാരോട്
കരുതി
വരാന്‍ പറഞ്ഞിട്ടുണ്ട്..

സമരം തോറ്റ ദിവസം


ജാഥ സമാപിച്ചന്ന്
രണ്ടു കൊടിമരങ്ങള്‍ പ്രണയ ബദ്ധരായി.
സമരം തീരുംവരെ രണ്ടിലും
രണ്ടു നിറത്തിലായിരുന്നു തുണിക്കഷണങ്ങള്‍
പരസ്പരം കൊലവിളിച്ചവ
വാനില്‍ പറന്നു കളിച്ചു.
വെയിലും മഴയും അവയെ
പ്രണയത്തെകുറിച്ച് ഓര്‍മിപ്പിച്ചെങ്കിലും
അതൊന്നും ഓര്‍ക്കാന്‍ സമയമുണ്ടായിരുന്നില്ല.

കൊടികള്‍ക്കിപ്പോള്‍
ഒരേ ദിശയായിരിക്കുന്നു
കലഹത്തിന്‍റെ ചോരയും നീരും വാര്‍ന്ന്
പ്രണയത്തിന്‍റെ ചൂരും നിറവുമായിരിക്കുന്നു.
തെക്കോട്ട് പാറിയതിന്
വിളിച്ചപ്പോള്‍ നോക്കാതിരുന്നതിന്
പിണക്കവും സമരവുമിപ്പോള്‍
കൊടിമരത്തിനു മുകളിലായി.

ഒരു വരച്ചാല്‍ മതി,

മിഠാ‍യിത്തെരുവില്‍ നിന്ന് തത്സമയം

വാ കൊണ്ടയാള്‍
ഒരു വര വരക്കുന്നേരം
തിരക്കുന്ന
കാലുകളെല്ലാം ഒരു മാത്ര സ്തംഭിക്കുന്നു.
ചുറ്റിനടക്കാനിറങ്ങിയ കണ്ണുകളെല്ലാം
ഒന്നയാളെ നോക്കുന്നു.

മൂന്നോ നാലോ ചോക്കുകള്‍
ഒന്നോ രണ്ടോ പേര്‍ വങ്ങിപ്പോകുന്നു,
ഈ ചോക്കു കൊണ്ടു വരച്ച
അതിര്‍ത്തി കടക്കുന്നതോടെ ചാവും
നുഴഞ്ഞുകയറ്റക്കാരായ പ്രാണികള്‍, പാറ്റകള്‍.

അതേ വര ഞാനാണ് വരക്കുന്നതെങ്കിലോ
ഒരു വര തന്നെ ആകണമെന്നില്ല,
കരയായേക്കും ചിലപ്പോള്‍.

ആ ഒരു വര
നീയാണ് വരക്കുന്നതെങ്കിലോ
വരഞ്ഞാല്‍ തീരില്ല, തീര്‍ച്ച.
മൂട്ടയായും കൂറയായും ഞാന്‍
നിന്‍റെ അതിര്‍ത്തികള്‍ ഭേധിച്ചു കൊണ്ടിരിക്കും.
നീ ചുവരിലും മുറിയിലും വരകള്‍ കൊണ്ട്
വേലികള്‍ കെട്ടിക്കൊണ്ടേയിരിക്കും.

അതേ വര ദൈവത്തിന്‍റെ വകയായലോ
പ്രണയത്തിന്‍റേ കിടപ്പുമുറികളുടേയും
ഭൂപടങ്ങള്‍ മാറും,
കാമത്തിന്‍റേയും പൂമുഖങ്ങളുടേയും
മുറിവുകള്‍ കൂടും.

ഒരു വരച്ചാല്‍ മതി,
വരിയിട്ട് വരും എതിര്‍വരമ്പുകളനവധി.

അവന്‍


മുടിയിഴകളിലെ
മിനുപ്പില്‍ പോലും
എനിക്കെപ്പോഴുമെന്‍റെ
നടപ്പുകള്‍ക്കിടം നല്‍കിയിരുന്നു.
മടിയില്‍ മുഖം പൂഴ്ത്തി
നുണപറഞ്ഞിരുന്നു,
സത്യം കേള്‍ക്കുന്ന പോലെ കേട്ടു
ഓരോ വട്ടവും.
നുണക്കുഴികളില്‍ തളം കെട്ടിയ
വരള്‍ച്ചയിലും
ചില ഉറവകള്‍ കണ്ടിരുന്നു,
എന്നെ അറിയിക്കാതെ പൊട്ടുന്നവ.

കണ്ണീരിന്‍റെ അഴിമുഖത്തെഴുതിയ
ഒരക്ഷരമുണ്ട് ബാക്കി,
ഞാനെഴുതിയത്,
അവന്‍ മായ്ക്കാതിരുന്നത്.

എത്ര കരഞ്ഞാലും
കനിയുമായിരുന്നില്ല
മറ്റൊരാളായിരുന്നാലും,
നനഞ്ഞിറ്റിയ
കൃഷ്ണമണികളിലെ
ആ ക്രൌര്യം ആളിക്കത്തിയിരുന്നു.

നേരത്തിനു
മനസ്സനുവദിക്കാത്ത
പ്രാര്‍ത്ഥനയാണ് പശ്ചത്താപം.

കുറ്റം


നോക്കി നില്‍ക്കേ
മാഞ്ഞു പോവുകയാണ്
കുട്ടികളെന്ന് തൊടികളിലവരുടെ കളികള്‍ക്ക്
കാവല്‍ നിന്ന മരങ്ങള്‍

കാണാതെ പോയ കളിപ്പാട്ടം‍
തിരഞ്ഞു കരയുന്ന
കുട്ടിയെ കൂടെ കൂട്ടിയാലോന്ന്
വഴിയിലെ ചെടികള്‍

മുറ്റത്തെ
ഒതുക്കു കല്ലുകളവനെ
മെല്ലെ എടുത്തു വെക്കുന്ന പോലെ
കൂട്ടിക്കൊണ്ടു വരുന്നുണ്ട്

അവനെന്‍റേതല്ലെ
എടുത്തുമ്മ കൊടുത്ത്
കണ്ണ് തുടച്ചും കവിളില്‍ തലോടിയും
ഓമനിക്കാതെ

വരികളിലേക്കവനെ
എങ്ങനെ
കവിതക്കു കൂ‍ട്ടാമെന്ന ഈ നോട്ടം
കുറ്റകരമല്ലേ
?

പരാഗണം


പുഴക്കരയില്‍ വീടുവച്ച
മാവിനോട്
കുന്നിന്‍ മുകളിലെ വീട്ടില്‍ നിന്ന്
പൂമ്പാറ്റകള്‍ക്കൊപ്പം വന്ന
പൂമ്പൊടി
നീ എത്ര ഭാഗ്യവതി
എന്ന് അസൂയപ്പെട്ടു കൊണ്ടിരുന്നു

മഴ കോരിയൊഴിച്ച
വെള്ളമടിച്ച്
ബോധംകെട്ട പുഴ
കരക്കു കയറി അക്രമം കാണിക്കാന്‍
തുടങ്ങിയപ്പോ
അവരെന്താവും പറഞ്ഞിരിക്കുക

പരാഗങ്ങളുടെ ആദ്യ രാവില്‍
കൊടുങ്കാറ്റിനെ
ആരാണ് സഹിക്കുകയെന്നോ
കുന്നിന്‍ മുകളിലെ
പഴയ വീട്ടിലെ മഴക്കാലം
എത്ര മനോഹരമെന്നോ
പുതിയ വീട്
എത്ര ഭയാനകം എന്നോ
ഇതൊന്നും സഹിക്കാതെ നാം
മാമ്പഴക്കാലത്തെ
എങ്ങനെ പ്രസവിക്കുമെന്നോ
ചിലപ്പോള്‍ അവരൊന്നും പറഞ്ഞിരിക്കില്ല
സഹനത്തിന്‍റെ ഭാഷ
മരങ്ങള്‍ക്കും മൌനം തന്നെയാണ്