മില്ല്


പഞ്ചാ‍യത്ത് റോഡു വഴി
പറന്നു പോകുന്ന
മണ്ണു ലോറികളേ ഒന്ന് നില്‍ക്കണേ
മില്ലിനു മുന്നിലെത്തിയാല്‍

മുരിങ്ങ രമേശന്‍
നാരങ്ങ ഫിര്‍ദൌസ്
മുന്തിരി മുനീര്‍
ആരെ കണ്ടാലും അറിയിക്കണേ

അരി മുളക് മഞ്ഞള്‍ ഗോതമ്പ്
എന്നിവ പൊടിച്ചു കൊടുക്കപ്പെടും
എന്നെഴുതിയ ബോഡിലെ
അര മുള മഞ്ഞ ത
കഴിച്ചു ബാക്കി ഞാനെടുത്തതാണെന്ന്
പടിച്ചു കൊടുക്കപ്പെടും എന്ന് അവരെന്നെ
കളിയാക്കിയതല്ലേ രാവിലെ പത്തിനും നാലരക്കും
നാലഞ്ചു കൊല്ലങ്ങള്‍

മുരിങ്ങ പോലെ
എല്ലിച്ച് വളര്‍ന്നല്ലേ രമേശന്‍
ശൈലജ എന്ന കിളിയും രണ്ടു കുഞ്ഞുങ്ങളും
ചേക്കേറിയല്ലേ ആ മരക്കൈകളില്‍

പൂഴിവണ്ടിക്കടിപ്പെട്ടരഞ്ഞ
കാലുമായ്
പുഴക്കടവില്‍ തന്നെയുണ്ട്
ഫിര്‍ദൌസും
ചായപ്പീടികയുമെന്ന് കേട്ടു
അവനു പെണ്ണ് കിട്ടിയോ ഇപ്പോള്‍

മുന്തിരി തന്നെയാണോ
മുനീറിപ്പോഴും
സല്‍മയുടെ ചിറി നോക്കി
ചുവന്നതാണവന്‍റെ കണ്ണുകളെന്ന്
പത്താം ക്ലാസില്‍ ഞങ്ങളടക്കം പറഞ്ഞത്
പൊരുത്തപ്പെടീക്കണം
സല്‍മയുടെ മക്കള്‍ക്കുമുണ്ടോ
ചുവന്ന ചുണ്ടുകള്‍

അവര്‍
മൂന്നു പേര്‍ ചേര്‍ന്ന കൂട്ടുകെട്ടിനെ
എത്ര വേഗം പൊടിച്ചു കളഞ്ഞു മില്ലിലെ ജീവിതം

മില്ലു നിന്നിടത്ത്
കിടപ്പുണ്ടല്ലോ ഇപ്പോഴും
മില്ല് നിന്ന പേരില്‍ സ്ഥലമെങ്കിലും
0

1 comment:

മൃദുല said...

ആ പഴയ പടിപ്പിസ്റ്റ്
എന്ന വിളി കേള്‍ക്കുന്നൂ കാതുകള്‍